28 January, 2026 12:17:30 PM
എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; ആരോപണവുമായി യുവതി

അമരാവതി: ജനസേന എംഎല്‍എ അരവ ശ്രീധര്‍ പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി രംഗത്ത്. എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് ആരോപണം. 2024-ല്‍ കൊഡൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തന്നെ ചൂഷണം ചെയ്യാന്‍ തുടങ്ങിയതെന്നാണ് സര്‍ക്കാര്‍ ജീവനക്കാരിയായ യുവതി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. തന്നെ ഒരു കാറില്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ വെച്ച് അരവ ശ്രീധര്‍ തന്നെ ആക്രമിച്ചുവെന്നും അവര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് ഗര്‍ഭഛിദ്രങ്ങള്‍ക്ക് വിധേയയായെന്നും എംഎല്‍എ തന്നെ ആവര്‍ത്തിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു. തന്നെ വിവാഹമോചനം ചെയ്യാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവിനെ വിളിച്ചതായും വിവാഹം കഴിക്കാമെന്ന് എംഎല്‍എ വാഗ്ദാനം ചെയ്തിരുന്നതായും അവര്‍ പറഞ്ഞു.
'ഗര്‍ഭഛിദ്രം നടത്തിയാല്‍ കുടുംബം സുരക്ഷിതമായിരിക്കുമെന്നും ജോലി ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍, താന്‍ ആരാണെന്ന് അറിയുമെന്ന് പറഞ്ഞു. ഒരു സാഹചര്യത്തിലും ഞാന്‍ ഗര്‍ഭഛിദ്രം നടത്തില്ലെന്ന് വാദിച്ചു. രണ്ടോ മൂന്നോ ദിവസം അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി. പിന്നീട്, നിങ്ങളുടെ ഭര്‍ത്താവിനെ വിവാഹമോചനം ചെയ്താല്‍ താന്‍ വിവാഹം കഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു', യുവതി വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എംഎല്‍എ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തന്നെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണ്. 2021 മുതല്‍ പൊതുപ്രവര്‍ത്തന രംഗത്ത് ഔദ്യോഗിക സ്ഥാനം വഹിക്കുന്നു. തന്റെ ഗ്രാമത്തിലോ അയല്‍ പഞ്ചായത്തിലോ മണ്ഡലത്തിലോ എന്തെങ്കിലും തെറ്റ് ചെയ്‌തെന്ന് തെളിയിക്കാന്‍ കഴിയുമോ എന്നും എംഎല്‍എ ചോദിച്ചു. കഴിഞ്ഞ ആറ് മാസമായി അവര്‍ തന്നെ പീഡിപ്പിക്കുന്നു. തന്റെ അമ്മ ഇതിനെതിരെ പരാതി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള മനഃപൂര്‍വമായ ശ്രമമാണ്. നിയമപരമായി നേരിടുമെന്നും എംഎല്‍എ വ്യക്തമാക്കി.





