09 February, 2026 04:48:53 PM


പഞ്ചാബില്‍ ക്ലാസ് മുറിയില്‍ സഹപാഠിയെ വെടിവെച്ചു കൊന്നു



ചണ്ഡീഗഢ്: പഞ്ചാബില്‍ ക്ലാസ് മുറിക്കുള്ളിൽ സഹപാഠിയായ യുവതിയെ വെടിവെച്ചു കൊന്ന ശേഷം നിയമ വിദ്യാർത്ഥി സ്വയം വെടിയുതിർത്തു. പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ ഉസ്മ ഗ്രാമത്തിലെ കോളേജിലാണ് സംഭവം നടന്നത്. സന്ദീപ് കൗർ എന്ന പെൺകുട്ടിയാണ് വെടിയേറ്റ് മരിച്ചത്. ആക്രമണം നടത്തിയ പ്രിൻസ് രാജ് ഗുരുതരാവസ്ഥയിലാണെന്നും പോലീസ് അറിയിച്ചു. രാവിലെ 9.15 ഓടെയായിരുന്നു സംഭവം. 

ആക്രമണം നടത്തിയ പ്രിൻസ് രാജും കൊല്ലപ്പെട്ട സന്ദീപ് കൗറും ഒന്നാം വർഷ നിയമ വിദ്യാർത്ഥികളും സഹപാഠികളുമായിരുന്നു. ഇവർക്ക് ഏകദേശം 19-20 വയസ്സ് പ്രായമുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ജഗ്ബീർ സിംഗ് പറഞ്ഞു. ക്ലാസുകൾ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ പ്രിൻസ് രാജിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോളേജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസും സന്ദീപും മറ്റൊരു വിദ്യാർത്ഥിനിയും ക്ലാസ് മുറിയിൽ ഒരുമിച്ചിരിക്കുന്നത് കാണാം. പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ പ്രിൻസ് സന്ദീപിന്റെ തലയ്ക്ക് വെടിയുതിർക്കുകയും തുടർന്ന് സ്വയം വെടിവെച്ച് തറയിൽ വീഴുകയുമായിരുന്നു. സന്ദീപിനൊപ്പം ഇരുന്നിരുന്ന വിദ്യാർത്ഥിനി ഞെട്ടലോടെ എഴുന്നേറ്റ് പരിശോധിച്ചപ്പോൾ സന്ദീപ് ചലനമറ്റ നിലയിലായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ മറ്റ് വിദ്യാർത്ഥികൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന സന്ദീപിനെ കണ്ട് ഭയന്നോടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954