04 February, 2026 09:40:23 AM


മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു



കെയ്‌റോ: ലിബിയൻ ഏകാധിപതിയായിരുന്ന മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ട്രിപ്പോളിയിൽ വിമതരുടെ വീട്ടുതടങ്കലിലിരിക്കെ കമാൻഡോകൾ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണ് എന്നതിൽ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽനിന്ന് 136 കിലോ മീറ്റർ തെക്ക് കിഴക്കുള്ള

സിന്റാന്‍ നഗരത്തിലെ വീട്ടിൽവെച്ചാണ് സെയ്ഫ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചതായാണ് വിവരം. സായുധരായ നാലുപേർ സെയ്ഫിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സെയ്ഫിന്റെ ബന്ധുവിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുഅമർ ഗദ്ദാഫിയുടെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന 53കാരനായ സെയ്ഫ്, ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുമുള്ള വ്യക്തിയായാണ് വിലയിരുത്തുന്നത്. ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയുടെ പ്രമുഖ നേതാവായിരുന്നു സെയ്ഫ്. ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011ൽ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന് 2015ൽ സെയ്ഫിന് ലിബിയൻ കോടതി വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യത്വഹീനമായ നീക്കങ്ങളുടെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K