19 October, 2026 05:27:25 PM
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നാലു പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയുമായി നാലുപേരാണ് രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലാണ് കൊല്ലപ്പെട്ടത്. രോഷാകുലരായ നാട്ടുകാര്‍ രണ്ടു മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ കൊണ്ടു വെച്ച് പ്രതിഷേധിച്ചു. മെയ്തി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട രണ്ടുപേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. തുടര്‍ന്ന് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി യുമ്‌നം ഖേംചന്ദ് സിങ് വസതിയില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഇംഫാല്‍ സ്തംഭിച്ച അവസ്ഥയിലാണ്.
മെയ്തി വിഭാഗക്കാരും പാങ്കാല്‍ മുസ്ലീങ്ങളും താമസിക്കുന്ന പ്രദേശത്ത് ഒരു സംഗീത പരിപാടിക്കിടെയാണ് ആദ്യ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കല്ലേറും വെടിവെപ്പും ഉണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റ 24 വയസ്സുള്ള ഒരു യുവാവ് പിന്നീട് മരിച്ചു.
ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖമെന്‍ലോക്കിലാണ് രണ്ടാമത്തെ അക്രമം. സമീപത്തെ കുന്നുകളില്‍ വിറക് ശേഖരിക്കാന്‍ പോയ ഗ്രാമീണരില്‍ മൂന്ന് പേരെ ഗോത്രവര്‍ഗ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ വെടിവെച്ചു കൊന്നു. പ്രദേശത്ത് കുക്കി തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. 16 പേരാണ് വിറക് ശേഖരിക്കാന്‍ പോയത്. ഇവരില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.





