14 October, 2026 09:50:42 AM


ബിഹാറിലെ ഗംഗാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം; 11 പേർക്ക് ദാരുണാന്ത്യം



പട്‌ന: ബിഹാറിലെ ഹാജിപുരില്‍ ഗംഗാ നദിയില്‍ യാത്രാബോട്ട് മറിഞ്ഞ് 11 പേര്‍ക്ക് ദാരുണാന്ത്യം. റാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം രഘോപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. ബോട്ടില്‍ 15 മുതല്‍ 20 വരെ ആളുകളുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. വിരുന്നില്‍ പങ്കെടുക്കുന്നതിനായി യാത്ര ചെയ്യുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി വൈശാലി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ആദ്യം എട്ട് പേര്‍ വരെ മരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. എന്നാല്‍ പിന്നീട് നടത്തിയ സ്ഥിരീകരണത്തിലാണ് 11 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി വ്യക്തമായത്.  മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം നല്‍കും.

ഒരു വിരുന്നിൽ പങ്കെടുക്കാനായി പോയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിന് കാരണം. പ്രദേശവാസികളുടെയും പൊലീസിൻ്റെയും സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303