23 September, 2026 10:19:22 AM


യുപിയിൽ യുവാവ് ഭാര്യയെയും പൂജാരിമാരെയും വെടിവച്ചു കൊന്നു



ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയെയും മകനെയും രണ്ട് പൂജാരിമാരെയും ഗൃഹനാഥന്‍ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് കൂട്ടക്കൊല. വീട്ടില്‍ പൂജ നടത്തുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി അരവിന്ദ് സിങിനെ ഏറ്റുമുട്ടലിന് ഒടുവില്‍ പൊലിസ് വധിച്ചു. കൊലപാതകത്തിന് ശേഷം വീടിനുള്ളില്‍ ഒളിച്ച പ്രതി പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ പൊലീസ് തിരികെ നടത്തിയ വെടിവെപ്പിലാണ് പ്രതി കൊല്ലപ്പെട്ടത്.

വെടിവെപ്പിനിടെ ഗുരുതരമായി പരിക്കേറ്റ അരവിന്ദ് സിങിനെ (40) ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളുടെ ഭാര്യ ബബിത സിങ് (32), മകന്‍ ശൗര്യ, പൂജാരിമാരായ മഹേന്ദ്ര പഥക് (60), അഖിലേഷ് മിശ്ര (50) എന്നിവരാണ് കൊല്ലപ്പെട്ടത്. 10 വയസും 11 മാസവും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ പൊലീസ് പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി.

അരവിന്ദ് സിങ് മാനസികമായി അസ്വസ്ഥനായിരുന്നു എന്നും ഇയാള്‍ കുടുംബാംഗങ്ങളോട് ആക്രമണ സ്വഭാവം പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് അസംഗഡ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് അനില്‍ കുമാര്‍ പറയുന്നത്. വീട്ടില്‍ പൂജ നടത്തുന്നതിനെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രകോപിതനായ അരവിന്ദ് ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് ആദ്യം ഭാര്യയെയും കുട്ടിയെയും പിന്നീട് രണ്ട് പുരോഹിതന്മാരെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചു. വീടിനുള്ളില്‍ നിന്ന് അരവിന്ദ് വെടിയുതിര്‍ത്തതോടെ സാഹചര്യം കൂടുതല്‍ ഗുരുതരമായതായി വാരണാസി സോണ്‍ എഡിജി നവീന്‍ അറോറ പറഞ്ഞു.

പുറത്തുവരാന്‍ വിസമ്മതിച്ച അരവിന്ദ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും വെടിയുതിര്‍ത്തതായാണ് പൊലീസ് പറയുന്നത്. ഏഴ് മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിലും ഇയാള്‍ പുറത്തുവരാന്‍ തയ്യാറായില്ല. രാവിലെ വരെ കാത്തിരിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായി എഡിജി പറഞ്ഞു. ഒടുവില്‍ അകത്തുനിന്ന് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് എസ്എസ്പിയും എസ്ഒജി സംഘത്തിലെ ഉദ്യോഗസ്ഥരും വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍വാതകവും പ്രയോഗിച്ച ശേഷമാണ് പൊലീസ് സംഘം അകത്തേക്ക് പ്രവേശിച്ചത്. ഇയാള്‍ പൊലീസിനെതിരെ വെടിവച്ചതോടെ പൊലീസ് തിരിച്ചും വെടിവയ്ക്കുകയായിരുന്നുവെന്ന് എഡിജിപി മാധ്യമങ്ങളോട് വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308