09 October, 2026 09:23:02 AM


അസമിൽ ബിഎസ്എഫ് ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ചു; ഒരു മരണം: 32 പേർക്ക് പരിക്ക്



ബർപേട്ട: തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അതിർത്തി രക്ഷാ സേന അംഗങ്ങൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. 32 ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറും ഗോൾപാറ ജില്ലയിലെ ഷിംലിതോള ഗറോമാരി സ്വദേശിയുമായ സാംസുൽ ഹോക്കെ (42) സംഭവസ്ഥലത്തുതന്നെ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം അസമിലെ ബർപേട്ട ജില്ലയിലെ ഹൗളിക്ക് സമീപം ദേശീയപാത 27-ലായിരുന്നു അപകടം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കി ധുബ്രിയിലേക്ക് പോകുകയായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന ട്രക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. പരിക്കേറ്റ 32 ജവാന്മാരിൽ ഗുരുതരമായി പരിക്കേറ്റ 14 പേരെ ബർപേട്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഹൗളി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304