28 June, 2026 06:54:38 PM
തൃശൂരിൽ നവജാത ശിശു തൊട്ടിലില്‍ മരിച്ച നിലയില്‍; കുഞ്ഞിന്റെ മരണം പിതാവ് മരിച്ച് രണ്ടാംദിനം

തൃശൂർ വെള്ളറക്കാട് 18 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ പരേതനായ സുധീഷിന്റെയും മനുരാധയുടെയും മകളാണ് മരിച്ചത്. കുഞ്ഞിന് പാൽ നൽകിയ ശേഷം തൊട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു. പിന്നീട് വന്ന് നോക്കിയപ്പോൾ വായിൽ നിന്ന് നുരയും പതയും മൂക്കിൽ നിന്ന് രക്തവും വന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ചയാണ് കുഞ്ഞിന്റെ പിതാവായ സുധീഷ്(25) അക്കിക്കാവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെടുന്നത്. സുധീഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. സുധീഷിന്റെ സഞ്ചയന ദിവസമായ ഞായറാഴ്ചയാണ് കുടുംബത്തെ വീണ്ടും കണ്ണീരിലാഴ്ത്തിക്കൊണ്ട് കുഞ്ഞിന്റെ മരണവും സംഭവിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






