31 March, 2026 10:29:30 AM
'മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ചു', സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് യോഗത്തിൽ നടത്തിയ പരാമർശങ്ങളിൽ നടൻ സലീം കുമാറിനെതിരേ ഭിന്നശേഷി അവകാശങ്ങൾക്കായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകി. മാനസിക വെല്ലുവിളി നേരിടുന്നവരെ മോശമായി ചിത്രീകരിച്ചാണ് നടൻ പൊതുയോഗത്തിൽ പ്രസംഗിച്ചതെന്നും നടപടിയെടുക്കണമെന്നും നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് (NPRD) ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് പരാമർശം. വിവാദ പ്രസ്താവന നടത്തിയ സലീംകുമാറിനെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കണമെന്ന് ജനറൽ സെക്രട്ടറി മുരളീധരൻ കമ്മീഷന് നൽകിയ പരാതിയിൽ പറഞ്ഞു.
കേരളത്തിൽ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അയക്കണമെന്നാണ് സലിംകുമാർ പ്രചാരണ വേളയിൽ പറഞ്ഞത്. കേരളത്തിലെ മാറ്റങ്ങൾ ഞെട്ടിച്ചുവെന്ന് തന്നോട് സുഹൃത്തിന്റെ മകൻ പറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകളെയാണ് സലിം കുമാർ പരിഹസിച്ചത്. ആ കുട്ടിക്ക് മാനസിക രോഗമാണെന്നും ഊളംപാറയിൽ വെച്ച് കണ്ടുവെന്നും ഷോക്കടിച്ചപ്പോൾ പയ്യന്റെ മാനസിക നില ശരിയായി എന്നുമാണ് സലിംകുമാർ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞത്. ഇത് മാനസിക വെല്ലുവിളി നേരിടുന്നവർക്കെതിരെയുള്ള പരിഹാസമെന്ന് ചൂണ്ടിക്കാണിച്ചാണ് എൻപിആർഡി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
രാഷ്ട്രീയനേട്ടത്തിനായുള്ള ഇത്തരം വിവേചന പ്രയോഗങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിന് വഴിവെക്കും. പ്രമുഖ വ്യക്തികളുടെ ഭാഗത്തുനിന്ന് ഇത്തരം പ്രസ്താവനകളുണ്ടാകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രസ്താവന 2016ലെ ഭിന്നശേഷി നിയമത്തിന്റെയും 2017ലെ മാനസികാരോഗ്യ നിയമത്തിന്റെയും വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഭിന്നശേഷിക്കാരെ അപമാനിക്കുന്ന പ്രസ്താവനകൾ പാടില്ലെന്ന് 2023ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം നൽകിയിരുന്നതാണെന്നും സംഘടന പരാതിയിൽ ചൂണ്ടിക്കാട്ടി.






