04 April, 2026 04:53:32 PM


സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേശ് പിഷാരടിക്കെതിരെ മഹിള മോർച്ച പരാതി നൽകി



പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പരാതി നൽകി മഹിള മോർച്ച. മഹിള മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിത മേനോനാണ് പരാതി നൽകിയത്. സംവിധായകൻ രഞ്ജിത്തിനെതിരായ ലൈം​ഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് പിഷാരടി മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് പരാതിയുമായി മഹിള മോർച്ച രം​ഗത്തെത്തിയത്.

പാലക്കാട് വടക്കന്തറയിൽ വച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രമേശ് പിഷാരടിയെ തടഞ്ഞതിന് ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മഹിള മോർച്ചയുടെ പരാതി. സ്ത്രീവിരുദ്ധ പരാമർശം നടത്തുന്ന വ്യക്തി പൊതുരം​ഗത്ത് ഉണ്ടാകുന്നത് ശരിയല്ലെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.

രഞ്ജിത്തിനെതിരായ കേസിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് 'പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല' എന്നാണ് പിഷാരടി പറഞ്ഞത്. ഇത് സ്ത്രീവിരുദ്ധ പരാമർശമാണെന്നാണ് മഹിളമോർച്ചയുടെ വാദം. ബലാത്സം​ഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുന്നത് ബലാത്സം​ഗത്തിനിരയായ യുവതികളെയും സ്ത്രീത്വത്തെയും അവഹേളിക്കുന്നതാണെന്നും മഹിള മോർച്ചയുടെ പരാതിയിൽ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921