10 April, 2026 04:33:28 PM


ഞങ്ങളുടെ ഫണ്ടിനെ കുറിച്ച് ബേജാറാകേണ്ട, ഗൃഹ പ്രവേശത്തിന് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കാം- സണ്ണി ജോസഫ്



കണ്ണൂര്‍: വയനാട് ഫണ്ട് വിവാദം ഗുണം ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമല കൊള്ളയും കൂടുതല്‍ ചര്‍ച്ചയായെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ വീട് നിര്‍മാണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. വയനാട്ടിലെ കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ ഗൃഹ പ്രവേശനത്തിന് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു.

'വയനാട്ടിലെ ഗൃഹപ്രവേശനത്തിന് വിളിക്കാം. തിരക്കുണ്ടാക്കണ്ട. എത്രയും വേഗം വീട് പണി പൂര്‍ത്തിയാക്കും. നിങ്ങളുടെ ആരുടെയും ശമ്പളത്തില്‍ നിന്ന് പണം തരണ്ട. ഫണ്ട് കളക്ഷനെ ഓര്‍ത്ത് കരയണ്ട. സര്‍ക്കാരിന്റെ പൊതു ഖജനാവിലെ ഫണ്ടും ശബരിമലയിലെ ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണവും അയ്യപ്പസംഗമത്തിന്റെ പേരിലുള്ള കളക്ഷന്‍ ഫണ്ടും കട്ടവരെ കുറിച്ച് ബേജാറായാല്‍ മതി. ഞങ്ങളുടെ ഫണ്ടിനെ കുറിച്ച് ബേജാറാവേണ്ട', സണ്ണി ജോസഫ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വനവാസത്തിന് പോകില്ലെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. ജയിക്കുമെന്ന ആത്മവിശ്വാസമാണ് വനവാസ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായി പിണറായി വിജയനുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സിപിഐഎം പരാജയഭീതി മുന്നില്‍ കണ്ട് ആക്രമണം നടത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പരാജയ ഭീതി മുന്നില്‍ കണ്ട് സിപിഎം ആക്രമണം നടത്തുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ വ്യാപക അക്രമം നടത്തുന്നു. മയ്യിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഭാസ്‌കരന്റെ വീട്ടില്‍ അക്രമം നടത്തി. പൊലീസ് നിസാരവകുപ്പ് ചുമത്തി ജാമ്യത്തില്‍ വിടുകയും ചെയ്തു. അക്രമത്തില്‍ പൊലീസ് നിഷ്‌ക്രിയത്വം കാണിച്ചു', സണ്ണി ജോസഫ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298