17 April, 2026 06:40:22 PM
നിതിൻ രാജിൻ്റെ മരണം; മുൻകൂർ ജാമ്യപേക്ഷയുമായി പ്രതികളായ അധ്യാപകർ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി അധ്യാപകരായ ഡോ. എം കെ റാമും ഡോ. സംഗീതയും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. സംഭവദിവസം പ്രിന്‍സിപ്പലിന്റെ റൂമില്‍ താന്‍ ഇല്ലായിരുന്നുവെന്നും റാം പറഞ്ഞു.
ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമുണ്ടായിരുന്നു.
ഡോ. റാമും സംഗീതയും ഒളിവില്‍ തുടരുകയാണ്. ഇരുവരെയും പിടികൂടാന്‍ വൈകുന്നതില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. എംകെ റാമിനെയും സംഗീതയെയും കോളേജ് സസ്‌പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനിടെ നിതിൻ രാജിന്റെ മരണത്തിൽ ദന്തൽ കോളേജ് പ്രിൻസിപ്പലിനോട് ദേശീയ ദന്തൽ കമ്മീഷൻ റിപ്പോർട്ട് തേടി.







