17 August, 2026 12:20:00 PM


മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല



പത്തനംതിട്ട: തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'അതിമനോഹരത്തിന്റെ' ഷൂട്ടിംഗിന് സന്നിധാനത്ത് വനംവകുപ്പ് അനുമതി നിഷേധിച്ചു. സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് നടക്കില്ല. പെരിയാർ ടൈഗർ റിസർവിൽ ഷൂട്ടിംഗ് നടത്താൻ അനുമതിയില്ല. ക്ഷേത്രം ഉൾപ്പെടുന്ന ഭാഗം പെരിയാർ ടൈഗർ റിസർവിൽ ആണ് ഉൾപ്പെടുന്നതാണ്. അതേസമയം റാന്നി വനം ഡിവിഷനിൽ അനുമതി ലഭിച്ചു. പമ്പാ വരെയുള്ള പ്രദേശം റാന്നി വനം ഡിവിഷൻ ആണ്. പമ്പയ്ക്ക് മുമ്പുള്ള പ്രദേശങ്ങളിൽ നാളെ ഷൂട്ടിംഗ് നടക്കും.

മോഹൻലാൽ നായകനായ 'അതിമനോഹരം' തരുൺ മൂർത്തിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്. ഷൂട്ടിംഗിന് ദേവസ്വം ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. ഉപാധികളോടെയാണ് സന്നിധാനത്തും പരിസരത്തും വെച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നത്. നേരത്തെ മകരവിളക്ക് കാലത്ത് ശബരിമലയില്‍ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദമായിരുന്നു. ഇത്തവണ അനുമതിക്ക് അപേക്ഷ നല്‍കി അതിന്മേലാണ് തീരുമാനമെടുത്തിരുന്നത്.

മീര ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്തത്തിൽ മോഹൻലാൽ എത്തുന്നതെന്ന് പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ശബരിമലയിൽ പോകുന്നത് ഭക്തർക്കൊപ്പം പൊലീസ് യൂണിഫോമിൽ നിൽക്കുന്ന ലൗലജൻ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941