05 October, 2026 07:57:38 PM
ചാമ്പ്യന്‍സ് ബോട്ട് ലീഗ്; താഴത്തങ്ങാടിയിലെ മത്സരം ഒക്ടോബര്‍ 24ന്

കോട്ടയം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ(സി.ബി.എല്‍) ഭാഗമായി ഒക്ടോബര്‍ 24ന് കോട്ടയം താഴത്തങ്ങാടിയില്‍ നടക്കുന്ന മത്സരത്തില്‍ ഒന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരയ്ക്കും. സി.ബി.എല്ലിന്‍റെയും താഴത്തങ്ങാടി കോട്ടയം മത്സര വള്ളംകളിയുടെയും തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
വള്ളംകളി വന്‍ വിജയമാക്കുന്നതിന് എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. വള്ളംകളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കുന്നതിന് ജനപ്രതിനിധികളും കോട്ടയം വെസ്റ്റ് ക്ലബ് പ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പ്രാദേശിക സമിതി രൂപീകരിച്ചു. മത്സര നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ചുണ്ടന്‍ വള്ളങ്ങള്‍ക്കുള്ള സമ്മാനം, ബോണസ് തുടങ്ങിയവ നല്‍കുന്നതിനും വിനോദസഞ്ചാര വകുപ്പ് നടപടി സ്വീകരിക്കും.
മത്സരം നടക്കുന്ന താഴത്തങ്ങാടിയിലെ ട്രാക്കിലെ തടസങ്ങള്‍ നീക്കം ചെയ്യുന്നതിന് മേജര്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. രണ്ടു കരകളിലുമുള്ള മരച്ചില്ലകളും പുല്ലുകളും വെട്ടി വൃത്തിയാക്കുന്നതിന് കോട്ടയം മുനിസിപ്പാലിറ്റിയും തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തും ക്രമീകരണം ഏര്‍പ്പെടുത്തും.
മത്സര വേദിയില്‍ ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പോലീസും അഗ്നിരക്ഷാ സേനയും നടപടി സ്വീകരിക്കും. ഫിനിഷിംഗ് പോയിന്‍റില്‍ ആളുകള്‍ അതിക്രമിച്ചു കടക്കുന്നത് തടയുന്നതിനും ഗതാഗത നിയന്ത്രണത്തിനും പ്രത്യേക മുന്‍കരുതല്‍ സംവിധാനമുണ്ടാകും. വള്ളം കളി ട്രാക്കിന്‍റെ ഭാഗത്ത് ചെറുവള്ളങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ആവശ്യമെങ്കില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.
വള്ളംകളിയുടെ നടത്തിപ്പില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. വള്ളംകളി കഴിഞ്ഞാലുടന്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. സ്റ്റാര്‍ട്ടിംഗ് പോയിന്‍റിലും ഫിനിഷിംഗ് പോയിന്‍റിലും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിന്‍റെ സേവനം ഉണ്ടാകും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെയ്മോന്‍ കരീമഠം, എ.ഡി.എം സോളി ആന്‍റണി, മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്സണ്‍ ഷീബ പുന്നന്‍, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ സജിമോന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. വൈശാഖ്, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എ. അബ്ദുല്‍ കരീം, കോട്ടയം മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍ സനില്‍ കാണക്കാലില്‍, കൗണ്‍സിലര്‍ ഉനൈസ് പാലപ്പറമ്പില്‍, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ ഷെമീര്‍ കണിയാമ്പറമ്പില്‍, റഹീമ ബീവി,ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, തഹസില്‍ദാര്‍ സിറിള്‍ സഞ്ജു ജോര്‍ജ്, കോട്ടയം വെസ്റ്റ് ക്ലബ് ജനറല്‍ സെക്രട്ടറി ലിയോ മാത്യു, പ്രസിഡന്‍റ് തോമസ് കെ. വട്ടുകളം, ട്രഷറര്‍ സുനില്‍ ഏബ്രഹാം, ടൂറിസ്റ്റ് ഇന്‍റഫര്‍മേഷന്‍ ഓഫീസര്‍ എന്‍.എച്ച്. നിസാര്‍, ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




