03 September, 2026 06:31:56 PM


ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബയുടെ പരാതി ഗൗരവതരം- ഹൈക്കോടതി



കൊച്ചി: നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്‍സിബയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ അന്‍സിബ ചൂണ്ടിക്കാട്ടുന്നത്.

ലക്ഷ്മിപ്രിയയുടെ അഭിമുഖം പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമത്തെയും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി അന്‍സിബയുടെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. പരാതിയില്‍ കേസെടുക്കാന്‍ മാത്രമുള്ള വകുപ്പുകള്‍ ഇല്ലെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു കീഴ്‌കോടതി അന്ന് നിരീക്ഷിച്ചത്. പാലാവരിവട്ടം പൊലീസും അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. നിരവധി തവണ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് അന്‍സിബ ആരോപിച്ചിരുന്നു.

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയായിരുന്നു അന്‍സിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഒരു യൂട്യൂബ് ചാനലിന് പരാതിക്ക് കാരണമായ അഭിമുഖം ലക്ഷ്മിപ്രിയ നല്‍കിയത്. ലക്ഷ്മിപ്രിയ മുമ്പ് അന്‍സിബയ്ക്ക് എതിരെ തൃപ്പൂണിത്തുറ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൂന്ന് മണിക്കൂര്‍ മാനസികമായി പീഡിപ്പിച്ചു എന്ന ആരോപണവും അന്‍സിബ ഉയര്‍ത്തിയിരുന്നു. അന്‍സിബ അയച്ച വാട്‌സ്ആപ്പ് സന്ദേശം തന്റെ കുടുംബത്തില്‍ കുഴപ്പങ്ങള്‍ക്ക് കാരണമായി എന്നാണ് ലക്ഷ്മിപ്രിയ അന്ന് പറഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959