23 July, 2026 12:10:10 PM
സിക്കിമിലെ തുരങ്കത്തിലെ മണ്ണിടിച്ചില്‍: കാണാതായ പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഗാങ്‌ടോക്ക്: സിക്കിമിലെ നാംചി ജില്ലയില്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനന്റെ മൃതദേഹം ഇന്നലെ രാത്രി 11 മണിക്കാണ് കണ്ടെത്തിയത്.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്റെ സിക്കിം യൂണിറ്റിന്റെ മാനേജരാണ് അനീഷ്. അപകടസമയത്ത് തുരങ്കത്തില്‍ അനീഷും മറ്റ് ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം 25 പേരുണ്ടായിരുന്നു. ഇതിൽ 20 പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
തെക്കന്‍ സിക്കിമിലെ സമര്‍ഡൂങ്ങില്‍ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്കുവേണ്ടി എന്‍എച്ച്പിസി നിര്‍മ്മിക്കുന്ന തുരങ്കമാണ തിങ്കളാഴ്ച ഉച്ചയ്ക്ക് തകര്‍ന്നത്. അണക്കെട്ടില്‍ നിന്നും വൈദ്യുതോല്‍പ്പാദനത്തിനായി വെള്ളമെത്തിക്കാന്‍ മലകള്‍ തുരന്നുനിര്‍മ്മിക്കുന്ന കൂറ്റന്‍ തുരങ്കമാണിത്.
അനീഷിന്റെ ഭാര്യ, സഹോദരൻ, ഭാര്യാസഹോദരൻ എന്നിവർ സിക്കിമിൽ എത്തിയിട്ടുണ്ട്. കോട്ടയം നാട്ടകം ഗവൺമെൻ്റ് കോളേജിൽ നിന്നും ജിയോളജി ബിരുദവും, തുടർ പഠനവും നടത്തിയത്. സിക്കിമിൽ തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥ സംഘത്തിലായിരുന്നു അനീഷ്.





