27 July, 2026 10:04:19 AM


നീറ്റിൽ മാർക്ക് കുറഞ്ഞു; മഹാരാഷ്ട്രയിൽ വിദ്യാർഥിനി ജീവനൊടുക്കി



അഹല്യനഗര്‍: നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗര്‍ ജില്ലയിലെ ജലാല്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള അങ്കിത സാംഗ്ലേയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30ഓടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മറാത്തിയിലുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ അങ്കിതയ്ക്ക് 166 മാര്‍ക്ക് മാത്രമാണ് നേടാനായത്. ഇതേതുടര്‍ന്ന് കുട്ടി മാനസിക വിഷമത്തിലായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.

'നിങ്ങള്‍ എന്നെ ഒരുപാട് സ്‌നേഹിച്ചു. എന്നാല്‍ നിങ്ങളുടെ ഒരാഗ്രഹം പോലും പൂര്‍ത്തീകരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എല്ലാ പ്രതിസന്ധിയിലും അമ്മ ഒരു സുഹൃത്തിനെ പോലെ എന്റെയൊപ്പം നിന്നു. ദാദാ(സഹോദരനും), എന്നെ ഒരുപാട് പിന്തുണച്ചു. അമ്മയെയും അച്ഛനേക്കാളും എന്നെ നിങ്ങളാണ് സ്‌നേഹിച്ചത്. നിങ്ങളാരുമല്ല എന്റെ ആത്മഹത്യയ്ക്ക് പിന്നില്‍. ഞാന്‍ നീറ്റിനായി തയ്യാറെടുക്കുമ്പോള്‍ എനിക്ക് വേണ്ടി എല്ലാം നിങ്ങള്‍ ത്യജിച്ചു. പക്ഷേ ഞാന്‍ തോറ്റുപോയി, നിങ്ങളുടെ ആഗ്രഹം എനിക്ക് നിറവേറ്റാൻ കഴിഞ്ഞില്ല', എന്നാണ് വിദ്യാര്‍ഥിനിയുടെ കുറിപ്പിലുള്ളത്. സഹോദരനോട് മാതാപിതാക്കളെ നന്നായി നോക്കണമെന്നും അവര്‍ക്കൊരു കുറവും വരുത്തരുതെന്നും കുറിപ്പിലുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932