25 August, 2026 07:01:48 PM
അസമിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; 5 പേര്‍ പിടിയില്‍

ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗുവാഹത്തിയിലെ ഹോംസ്റ്റേയില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പസാരിയ ഗ്രാമത്തിലുള്ള പെണ്‍കുട്ടിയെ ഓഗസ്റ്റ് 23 ന് ഉച്ചക്ക് ശേഷം കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ഹാജോ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ദാദര ഔട്ട്‌പോസ്റ്റില്‍ പരാതി നല്‍കി.തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ശേഷം ഓഗസ്റ്റ് 24ന് രാവിലെ 5.47ഓടെ പെണ്‍കുട്ടിയെ ഗുവാഹത്തിയിലെ പാന്‍ബസാര്‍ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. ദാദര ഔട്ട്‌പോസ്റ്റ് ഇന്‍ചാര്‍ജും കുടുംബാംഗങ്ങളും സ്ഥലത്തെത്തി പെണ്‍കുട്ടിയെ സുരക്ഷിതമായി മാറ്റി.
ഗോപാല്‍പാറ സ്വദേശിയായ പരമേശ്വര്‍ നാഥ് എന്ന യുവാവാണ് പെണ്‍കുട്ടിയെ സൗകുച്ചിയിലുള്ള 'രംഗ്മന്‍ ഗ്രാന്റ് ഹോംസ്റ്റേ'യില്‍ എത്തിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം പാന്‍ബസാര്‍ മേഖലയിലെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പരമേശ്വര്‍ നാഥിനെ കൂടാതെ ഹിര്‍കജ്യോതി ദാസ്, വിശാല്‍ ബറുവ, ലക്ഷീധര്‍ നാഥ്, റജിപ് അലി എന്നിവരും പങ്കാളികളാണ്. ഇതില്‍ വിശാല്‍ ബറുവയും ലക്ഷീധര്‍ നാഥും ഹോംസ്റ്റേയിലെ ജീവനക്കാരാണ്. അഞ്ച് പേരെയും ദാദര പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.






