14 August, 2026 01:27:44 PM


നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രിയുടെ പിഎയും എംഎൽഎയും; വാഹനം ഓടിച്ചുകൊണ്ട് ദൃശ്യങ്ങൾ ഫോണിൽ പകർത്തി



തിരുവനന്തപുരം: കരുനാഗപ്പള്ളി മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രി ഒ ജെ ജനീഷിൻ്റെ പേഴ്സൺ സ്റ്റാഫിന്റെയും കരുനാഗപ്പള്ളി എംഎൽഎയുടെയും കാർ യാത്ര. കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗം ജെയ്സൺ ജെയിംസും കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷുമാണ് നിയമങ്ങൾ ലംഘിച്ച് കാർ യാത്ര നടത്തിയത്. ദൃശ്യങ്ങളിൽ കാർ ഓടിക്കുന്ന മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്ന് വ്യക്തമാണ്.

വാഹനം ഓടിച്ചു കൊണ്ട് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയാണ് കാർ യാത്ര. കൂടെയുണ്ടായിരുന്ന എംഎൽഎ സി ആർ മഹേഷും സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല. നിയമലംഘനം നടത്തുന്ന ദൃശ്യങ്ങൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സിനിമ പാട്ടിന്റെ പശ്ചാത്തല സംഗീതം ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും റീല്‍സായി പോസ്റ്റ് ചെയ്യുകയായിരുന്നു.

മോട്ടോർ വാഹന നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകുന്നതിനിടെയാണ് ജനപ്രതിനിധിയും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും നിയമലംഘനം നടത്തിയത്.  സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും റോഡ് സുരക്ഷയ്‌ക്ക് ഗുരുതര ഭീഷണിയാണ്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956