14 August, 2026 09:39:50 AM


കൃഷിഭൂമി പുരയിടമാക്കി നൽകാൻ 10 ലക്ഷം രൂപ കൈക്കൂലി; തഹസിൽദാർ അറസ്റ്റിൽ



കൊച്ചി: വ്യാജ പരാതിക്കാരനെ സൃഷ്ടിച്ച് കൃഷിഭൂമി പുരയിടമാക്കാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തഹസിൽദാർ അറസ്റ്റിൽ. കണയന്നൂർ ലാൻഡ് റവന്യൂ തഹസിൽദാർ ജോസഫ് ആന്റണിയെ ആണ് വിജിലൻസ് പിടികൂടിയത്. ഏജന്റുമാരായ ഷിബിൻ, കണ്ണൻ എന്ന രാജേഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. എളമക്കരയിലുള്ള കൃഷിഭൂമി പുരയിടമാക്കി തിരുത്തി രേഖകൾ നൽകുന്നതിനാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. 

വസ്തു ഉടമ വർഷങ്ങളായി പുരയിടമെന്ന നിലയിൽ കരം അടച്ചുവന്നിരുന്ന ഭൂമി വിൽക്കാൻ ശ്രമിച്ചപ്പോഴാണ് ഔദ്യോഗിക രേഖകളിൽ ഇത് കൃഷിഭൂമിയാണെന്ന് വ്യക്തമായത്. തുടർന്ന്, കൃഷിഭൂമി മണ്ണിട്ട് നികത്തിയെന്നാരോപിച്ച് തഹസിൽദാറുടെ സഹായിയെക്കൊണ്ടുതന്നെ വസ്തുവിനെതിരെ വ്യാജ പരാതി നൽകിപ്പിക്കുകയായിരുന്നു. പ്രശ്നപരിഹാരത്തിനായി സ്ഥലം ഉടമ തഹസിൽദാർ ജോസഫ് ആന്റണിയെ സമീപിച്ചപ്പോൾ പരാതി ഒത്തുതീർപ്പാക്കാനും ഭൂമി പുരയിടമാക്കി രേഖ നൽകാനും 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. 

സംഭവത്തിൽ വിജിലൻസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ആവശ്യപ്പെട്ട തുകയിൽ 2 ലക്ഷം രൂപ പണമായും 8 ലക്ഷം രൂപയുടെ ചെക്കായും കൈമാറുന്നതിനിടെയാണ് തഹസിൽദാറെയും ഏജന്റുമാരെയും വിജിലൻസ് എറണാകുളം യൂണിറ്റ് പിടികൂടിയത്. സംഭവത്തിൽ മറ്റ് റവന്യൂ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്ന് വിജിലൻസ് അന്വേഷിച്ചുവരികയാണ്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിജിലൻസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955