19 August, 2026 03:56:21 PM


ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതിയിൽ നിന്ന് ഹെറോയിൻ പിടികൂടി



കൊച്ചി: പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി പെരുമ്പാവൂർ വെങ്ങോല സ്വദേശി മുഹമ്മദ് ഷാഫിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. മുണ്ടിന്റെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിലാണ് 6 ഗ്രാം ഹെറോയിൻ കണ്ടെടുത്തത്.

പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് (ഇടമലയാർ കോടതി) കേസിന്റെ വിചാരണ നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുമ്പോൾ, മുണ്ടിന്റെ മടിക്കുത്ത് ഷാഫി സംശയകരമായ രീതിയിൽ ചേർത്തുപിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ദേഹപരിശോധന നടത്തുകയായിരുന്നു.

രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്. വിചാരണക്കോടതിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയിലെ ശുചിമുറിയിൽ പോയ സമയത്ത് രണ്ടുപേർ എത്തി ഷാഫിക്ക് മയക്കുമരുന്ന് കൈമാറിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കോടതി പരിസരത്തെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916