17 September, 2026 09:23:45 AM


മാസപ്പടി കേസ്; ഇ.ഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു- ശശിധരൻ കർത്ത



കൊച്ചി: വിവാദമായ മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മൊഴി പിൻവലിക്കുന്നതായി സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത. ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥരിൽ നിന്ന് ക്രൂരമായ അനുഭവങ്ങൾ നേരിടേണ്ടി വന്നുവെന്ന് ആരോപിച്ചാണ് മൊഴി പിൻവലിക്കാനായി വിചാരണക്കോടതിയിൽ അപേക്ഷ നൽകിയത്.‌‌

ശശിധരൻ കർത്തയ്ക്ക് വേണ്ടി സഹോദരൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. തീവ്രമായ ഹൃദ്രോഗം, പാർക്കിൻസൺസ്, ഡിമെൻഷ്യ, ഗുരുതരമായ വൃക്കരോഗം എന്നിവയാൽ ബുദ്ധിമുട്ടുന്ന 72-കാരനായ കർത്തയെ ഡോക്ടർമാരുടെ നിർദ്ദേശം അവഗണിച്ച് നിർബന്ധിച്ച് ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു.

ചോദ്യം ചെയ്യലിനിടെ ബലപ്രയോഗത്തിലൂടെ വിരലടയാളം പതിപ്പിച്ചുവെന്നും രേഖകൾ വ്യക്തമാക്കുന്നു. കർത്തയുടെ മെഡിക്കൽ റിപ്പോർട്ടുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർന്നുള്ള നിയമനടപടികൾ ചർച്ച ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രിയും അഡ്വക്കേറ്റ് ജനറലും കൊച്ചിയിൽ നിർണായക കൂടിക്കാഴ്ച നടത്തും. ഇ.ഡി റിപ്പോർട്ടിലെ തെളിവുകൾ പരിശോധിച്ച് അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സർക്കാരിന് ഉടൻ നിയമോപദേശം കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ തുടർനടപടികളെടുക്കും.

സേവനമില്ലാതെ, ടി വീണയ്ക്ക് പണം നൽകിയെന്ന് ശശിധരൻ കർത്ത സമ്മതിച്ചെന്നാണ് ഇഡി വാദം. ഇത് അടക്കം തള്ളുന്നതാണ് ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം. 2024 ഏപ്രിലിൽ ഇഡി എടുത്ത മൊഴി പിൻവലിക്കണമെന്ന് ശശിധരൻ കർത്ത ആവശ്യപ്പെട്ടു. ആശുപത്രിയിൽ കിടക്കയിൽ ഉള്ള തന്നെ ഇഡി മാനസികമായി പീഡിപ്പിച്ചെന്നും ശശിധരൻ കർത്ത ആരോപിക്കുന്നു. ഇഡി ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ ആശങ്കയുണ്ട് എന്ന് കുടുംബം പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921