16 September, 2026 10:08:09 AM


ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കുന്നതിനിടെ ഭർത്താവും മരിച്ചു



പുതുപ്പള്ളി: ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്ന് നാമം ജപിക്കുന്നതിനിടെ ഭർത്താവും കുഴഞ്ഞുവീണു മരിച്ചു. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരിയും (88), ഭാര്യ ഗിരിജാദേവി അന്തർജനവുമാണ് (75) മണിക്കൂറുകളുടെ ഇടവേളയിൽ അന്തരിച്ചത്. ദമ്പതികളുടെ മകനും കാസർകോട് ഗവ. ഗേൾസ് വിഎച്ച്എസ്എസ് അധ്യാപകനുമായ സതീഷ് ഡി. കരിവേലിയുടെ വിദ്യാനഗർ പാറക്കട്ടയിലെ വീട്ടിലാണ് ഈ ദാരുണ സംഭവം നടന്നത്. സംസ്കാരം പിന്നീട് ഇരവിനല്ലൂരിലെ കുടുംബവീടായ കരിവേലി ഇല്ലം വളപ്പിൽ നടത്തി. രോഹിണി കെ. പോറ്റി (അസി. പ്രഫസർ, ഗവ. കോളജ്, കാസർകോട്) ആണ് മരുമകൾ.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഗിരിജാദേവി അന്തർജനം 14-ാം തീയതി രാത്രി 11.30-നാണ് അന്തരിച്ചത്. തുടർന്ന്, ഭാര്യയുടെ വിയോഗ വിവരം ഇന്നലെ രാവിലെ എട്ടരയോടെയാണ് ദേവദത്തൻ നമ്പൂതിരിയെ അറിയിച്ചത്. വിവരമറിഞ്ഞ് കട്ടിലിൽ കിടന്ന അദ്ദേഹം മൃതദേഹത്തിനരികെ വന്ന് ഇരിക്കുകയും കണ്ണീരോടെ നാമം ജപിക്കാൻ തുടങ്ങുകയും ചെയ്തു. ഇതിനിടയിൽ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924