18 September, 2026 09:01:53 AM
പണം വാങ്ങി, കല്യാണത്തിന് ഭക്ഷണം എത്തിച്ചില്ല; കോട്ടയത്തെ കാറ്ററിങ് ഉടമ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വിവാഹച്ചടങ്ങുകള്‍ക്ക് ഭക്ഷണം എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയശേഷം മുങ്ങിയ കാറ്ററിങ് സർവീസ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി 'ഉദയം കാറ്ററിങ് ഈവന്റ്സ്' ഉടമ വിഷ്ണു മോഹനെയാണ് പോലീസ് പിടികൂടിയത്. മുണ്ടക്കയം ചോറ്റി, കോട്ടയം കഞ്ഞിക്കുഴി, എറണാകുളം പെരുമ്പാവൂർ എന്നിവിടങ്ങളിലെ മൂന്ന് വിവാഹങ്ങള്‍ക്കാണ് മുൻകൂറായി പണം വാങ്ങി ഇയാള്‍ ഭക്ഷണം എത്തിക്കാതിരുന്നത്.
സമൂഹമാധ്യങ്ങളിലൂടെയാണ് വീട്ടുകാരില്‍ ഭൂരിഭാഗവും ഉദയം കാറ്ററിങ് സർവീസിനെക്കുറിച്ച് അറിയുന്നതും വിവാഹ ആവശ്യങ്ങള്‍ക്കായി ബുക്കിങ് നടത്തുന്നതും. കാറ്ററിങ് നടത്തിപ്പുകാരനായ വിഷ്ണുവിന് പലരും മുൻകൂറായി ഒരു ലക്ഷം രൂപ വരെ നല്‍കിയിരുന്നു. പെരുമ്പാവൂർ സ്വദേശികളില്‍ നിന്ന് മാത്രം മൂന്ന് ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
ചടങ്ങ് കഴിഞ്ഞ് ബന്ധുക്കളും അതിഥികളും ഭക്ഷണത്തിനായി കാത്തിരുന്നപ്പോഴാണ് കാറ്ററിങ് സർവീസുകാർ എത്തിയില്ലെന്ന ഞെട്ടിക്കുന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് സമീപത്തെ ഹോട്ടലുകളില്‍ നിന്ന് അടിയന്തരമായി ഭക്ഷണം എത്തിച്ചാണ് വധൂവരന്മാരുടെ വീട്ടുകാർ വലിയ നാണക്കേടില്‍ നിന്ന് തലയൂരിയത്. സംഭവം കബളിപ്പിക്കലാണെന്ന് വ്യക്തമായതോടെ കഞ്ഞിക്കുഴിയിലെയും ചോറ്റിയിലെയും വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെരുമ്പാവൂർ സ്വദേശികളും പരാതിയുമായി രംഗത്തെത്തിയത്.
കഞ്ഞിക്കുഴിയിലെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പോലീസും, ചോറ്റിയിലെ പരാതിയില്‍ മുണ്ടക്കയം പോലീസുമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം, തട്ടിപ്പ് വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഉദയം കാറ്ററിങ് സർവീസില്‍ നിന്ന് മുൻപും സമാനമായ രീതിയില്‍ വഞ്ചന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കി നിരവധി പേരാണ് കമന്റുകളുമായി വരുന്നത്.





