14 September, 2026 07:17:18 PM


കാഞ്ഞിരപ്പള്ളിയിൽ മത്സ്യകർഷക സഹകരണ സംഘത്തിന് തുടക്കം



കോട്ടയം: ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘമായ ഇടനാട് ഫിഷ് ഫാർമേഴ്‌സ് സഹകരണ സംഘത്തിന്റെയും പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ ലൈവ് ഫിഷ് വെൻഡിംഗ് സെന്ററിന്റെയും പ്രവർത്തനോദ്ഘാടനം ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു.

വിഴിക്കത്തോട് എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ചടങ്ങിൽ റോണി കെ. ബേബി എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. മുഹമ്മദ് ഷമീർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് കുന്നപ്പിള്ളി, ആശാ ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ അഗസ്തി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുനിൽ തേനമ്മാക്കൽ, ഗ്രാമപഞ്ചായത്തംഗം റിജോ വാളാന്തറ എന്നിവർ പ്രസംഗിച്ചു.

 മത്സ്യകർഷകർക്കായി സംഘടിപ്പിച്ച സെമിനാറിൽ ഫിഷറീസ് വകുപ്പിലെ അസിസ്റ്റന്റ്‌റ് ഡയറക്ടറും അഴീക്കോട് ഹാച്ചറിയിലെ ഉദ്യോഗസ്ഥനുമായ ഡോ. പി.എസ്. ശിവപ്രസാദ് ക്ലാസെടുത്തു.

 കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകൾ പ്രവർത്തന മേഖലയായി രൂപീകരിച്ചിട്ടുള്ള ഇടനാട് മത്സ്യകർഷക സഹകരണ സംഘംവഴി മത്സ്യവിത്ത്, മത്സ്യത്തീറ്റ എന്നിവ ഗുണമേന്മ ഉറപ്പാക്കി കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനും കർഷകർ ഉൽപാദിപ്പിക്കുന്ന മത്സ്യം കൂടുതൽ ആദായകരമായി വിറ്റഴിക്കാനുമാണ് ലക്ഷ്യമിടുന്നത്. പ്രദേശത്തെ മത്സ്യകർഷകർ ഉൽപാദിപ്പിക്കുന്ന മത്സ്യം ശേഖരിച്ച് ഗുണമേന്മ ഉറപ്പാക്കി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ ലക്ഷ്യമിടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307