16 July, 2026 05:42:56 PM


'എന്റെ പുസ്തകം എന്റെ ലൈബ്രറിക്ക്': വായനയുടെ പുതിയ സംസ്കാരവുമായി ചിറക്കടവ് ലൈബ്രറി



പൊൻകുന്നം : വായനയുടെ കർമപഥത്തിൽ പുതിയ സംസ്കാരത്തിന് തുടക്കം കുറിച്ച് ചിറക്കടവ് പബ്ലിക് ലൈബ്രറി. "എന്റെ പുസ്തകം എന്റെ ലൈബ്രറിക്ക്" എന്ന സന്ദേശം ഉയർത്തി പൊതുജനങ്ങളിൽ നിന്നും ലൈബ്രറിയുടെ ഗ്രന്ഥശേഖരം വർധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ചിറക്കടവ് കത്തലാങ്കൽപടി തണ്ണിപ്പാറയിൽ ടി ജി ശ്രീധരൻപിള്ളയുടെ ഗ്രന്ഥശേഖരം വായനശാലയ്ക്ക് നൽകിക്കൊണ്ട് കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണിക്ക ബേബി ഉദ്ഘാടനം നിർവഹിച്ചു . വർഷങ്ങളായി നടത്തുന്ന ആക്രി കടയിൽ പാഴ് വസ്തുക്കളോടൊപ്പം ലഭിക്കുന്ന പുസ്തകങ്ങളും അമൂല്യ ഗ്രന്ഥങ്ങളും വായിച്ചശേഷം അവ സൂക്ഷിച്ചുവച്ച് ഗ്രന്ഥശാലയ്ക്ക് കൈമാറിയത് സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആദ്യമായിട്ടാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾ അക്ഷരകേരളത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങൾ വരും തലമുറയ്ക്ക് ഉപകരിക്കണമെന്ന ശ്രീധരൻപിള്ളയുടെ ആഗ്രഹമാണ് ഇവിടെ സഫലമായത് . ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. അഭിലാഷ് ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി വികസന സമിതി അംഗം റ്റി.കെ. ബാബുരാജ്, ലൈബ്രറി ലഹരി വിരുദ്ധ കോർഡിനേറ്റർ ജോർജ് തോമസ് പൊൻകുന്നം, ലാൽ, കെ കെ പൊന്നമ്മ, പ്രവീണ സന്തോഷ്, ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922