25 June, 2026 08:42:50 PM
കാഞ്ഞിരപ്പള്ളിയിൽ അങ്കണവാടി മുറ്റത്ത് മൂർഖൻ പാമ്പ്; പിഞ്ചുകുട്ടികളും രക്ഷിതാക്കളും ഭീതിയിൽ

കോട്ടയം: അങ്കണവാടി മുറ്റത്ത് മൂർഖൻ പാമ്പിനെ കണ്ടതോടെ പിഞ്ചുകുട്ടികളും രക്ഷിതാക്കളും ഭീതിയിൽ. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 62-ാം നമ്പർ അങ്കണവാടിയിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ അങ്കണവാടി കെട്ടിടത്തിന്റെ തറയിലുള്ള മാളത്തിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നു. റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും മാളത്തിനുള്ളിലായതിനാൽ പാമ്പിനെ പിടികൂടാൻ സാധിച്ചില്ല. പാമ്പ് പുറത്തേക്ക് ഇറങ്ങാതിരിക്കാൻ അത് കയറിയ ഭാഗത്ത് വലയിടാൻ അധികൃതർ തീരുമാനിച്ചു. പിഞ്ചുകുട്ടികൾ എത്തുന്ന ഇടമായതിനാൽ പാമ്പിനെ എത്രയും വേഗം പിടികൂടി ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






