19 November, 2026 01:14:11 PM


'തെറ്റ് തിരുത്തുന്നു' പത്മജ വേണുഗോപാൽ ബിജെപി വിട്ടു



തിരുവനന്തപുരം: ലീഡർ കെ കരുണാകരന്റെ മകളും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാൽ ബിജെപി വിട്ടു. പദവി കിട്ടാത്തതിനാലല്ല രാജിയെന്നും തെറ്റ് തിരുത്തുകയാണെന്നും പത്മജ പറഞ്ഞു. 2024 മാർച്ചിലാണ് പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. താൻ ജനിച്ചു വീണത് കോൺഗ്രസിലാണെന്നും ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ബിജെപിയിൽ ചേരാൻ എടുത്ത തീരുമാനം ഒരുദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്ത തീരുമാനമായിരുന്നു. മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു അവിടെ. തിരികെ കോൺഗ്രസിൽ ചേരണമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.

കോൺഗ്രസ് നേതൃത്വുമായി കലഹിച്ചാണ് 2024 മാർച്ച് 7 ന് ബിജെപിയിൽ ചേർന്നത്. ബിജെപിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് ദേശീയ സമിതി അംഗമായ ഇവർ രാജിവെക്കുന്നതായി അഭ്യൂഹം പരന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽനിന്ന് പത്മജ വിട്ടുനിൽക്കുകയായിരുന്നു. പാർട്ടിയുടെ പ്രധാന പരിപാടികളിലും പത്മജയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിച്ചില്ലെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ​സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന ഇവർ ഏതാനും ആഴ്ചകളായി പാർട്ടിയുമായി ബന്ധപ്പെട്ട ​ഒന്നും തന്റെ പേജുകളിൽ പങ്കുവെച്ചിരുന്നില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ പത്മജയെ കേന്ദ്രസർക്കാർ ഗവർണർ സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും അവസാനം ഒഴിവാക്കപ്പെട്ടു. തുടർന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായി രണ്ടുതവണ ചെറിയ വോട്ടുകൾക്കു പരാജയപ്പെട്ട മണ്ഡലത്തിൽ ബിജെപിക്കുവേണ്ടി മത്സരിച്ചപ്പോൾ മൂന്നാം സ്ഥാനത്തായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K