18 November, 2026 07:23:56 PM


കൊട്ടിയത്ത് പുക ശ്വസിച്ച് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു



കൊല്ലം: കൊല്ലത്തെ കൊട്ടിയത്ത് പുകയും രൂക്ഷ​ഗന്ധവും മൂലം 30 ലേറെ സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കൊട്ടിയം ഓക്സ്‍ലിയം ഐ എസ് സി സ്കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടികളെ ഉടൻതന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്നാണ് ആക്ഷേപം. സ്കൂളിൽനിന്ന് ഏകദേശം 300 മീറ്റർ മാത്രം അകലെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. പ്ലാന്റിൽ നിന്നുള്ള പുക ജനവാസ മേഖലയിലേക്ക് വ്യാപിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു.

പ്ലാന്റിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ പ്ലാന്റ് ഉടമകൾ കോടതിയെ സമീപിച്ച് സ്റ്റേ ഓർഡർ സമ്പാദിച്ച് പ്ലാന്റ് വീണ്ടും പ്രവർത്തിപ്പിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുമായി ബന്ധപ്പെട്ടും പ്രദേശവാസികൾ ആശങ്ക ഉന്നയിച്ചിരുന്നു. 

അതിനിടെ, കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാകവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കലക്ടർക്കാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917