20 October, 2026 09:39:16 AM


യമനിലെ സൈനിക ക്യാമ്പിന് നേരെ ഹൂതി ആക്രമണം: 53 പേർ കൊല്ലപ്പെട്ടു



സനാ: യമനിലെ സര്‍ക്കാര്‍ സുരക്ഷാ സേനയുടെ പരിശീലന ക്യാമ്പില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. യെമനിലെ ഷബ്‌വ പ്രവിശ്യയിലെ ക്യാമ്പിലാണ് ആക്രമണം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 200ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പരിശീലന ക്യാമ്പിന് നേരെ ഹൂതികള്‍ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏദന്‍ ഉള്‍ക്കടലിന് അഭിമുഖമായി നില്‍ക്കുന്ന യെമന്റെ തെക്ക്-മധ്യ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്നതും ഊര്‍ജസമ്പന്നവുമായ ഷബ്‌വ പ്രവിശ്യയിലാണ് യെമനിലെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപമായ ബല്‍ഹാഫ് ദ്രവീകൃത പ്രകൃതി ഗ്യാസ് സൗകര്യം നിലകൊള്ളുന്നത്.

യെമന്‍ സര്‍ക്കാരിനെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഹൂതികള്‍. യെമനിലെ ഭരണസിരാകേന്ദ്രമായ പ്രസിഡന്‍ഷ്യല്‍ പാലസിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഏയ്ഡനിലെ വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. മിസൈലുകള്‍ റണ്‍വേയ്ക്കരികില്‍, ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന് 500 മീറ്റര്‍ അകലെയാണ് പതിച്ചത്.

ഹൂതികള്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച യെമന്‍ സര്‍ക്കാരിന്റെ സേന വടക്കുകിഴക്കന്‍ സനായിലെ മാരിബ് പ്രവിശ്യയില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. പ്രവിശ്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പല പ്രധാനപ്പെട്ട പ്രദേശങ്ങളും വ്യോമാക്രമണത്തിലൂടെ പിടിച്ചെടുക്കാന്‍ കഴിഞ്ഞെന്ന് സേന വക്താവ് മജീദ് - അല്‍ - നാസിലി അവകാശപ്പെട്ടിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945