24 October, 2026 04:14:26 PM
ഫിലിപ്പിൻസിൽ പരിശീലനത്തിനിടെ സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ചു; 4 പൈലറ്റുമാർ മരിച്ചു

മനില: ഫിലിപ്പീൻസിൽ പരിശീലന പറക്കലിനിടെ രണ്ട് സൈനിക വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് തകർന്നുവീണ് നാല് പൈലറ്റുമാർ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മനിലയ്ക്ക് തെക്കുള്ള ഫെർണാണ്ടോ എയർ ബേസിലായിരുന്നു അപകടം. എസ്എഫ്-260 വിഭാഗത്തിൽപ്പെട്ട ഒറ്റ പ്രൊപ്പല്ലറുള്ള വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
രണ്ട് വിമാനങ്ങളും വ്യോമതാവളത്തിന്റെ പരിധിക്കുള്ളിലാണ് തകർന്നുവീണതെന്നും മറ്റാർക്കും പരിക്കോ ജീവഹാനിയോ ഉണ്ടായിട്ടില്ലെന്നും ഫിലിപ്പീൻസ് വ്യോമസേന വക്താവ് കേണൽ ആൽവിൻ കാപിൻഗ്വിയൻ ശനിയാഴ്ച അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി വ്യോമസേനയുടെ എസ്എഫ്-260 വിമാനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. സമീപകാലത്ത് ഫിലിപ്പീൻസ് സൈനിക വിമാനങ്ങൾ ഉൾപ്പെട്ട നിരവധി മാരകാപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം മേയിൽ വടക്കൻ ഫിലിപ്പീൻസിലെ ബെൻഗ്വെറ്റ് പ്രവിശ്യയിൽ പരിശീലന പറക്കലിനിടെ എസ്എഫ്-260 വിമാനം തകർന്നുവീണ് രണ്ട് സൈനിക പൈലറ്റുമാർ മരിച്ചിരുന്നു.




