07 November, 2026 02:04:20 PM


ട്രംപിനെ കൊലപ്പെടുത്താൻ ഉൾവിളിയുണ്ടായി; വൈറ്റ് ഹൗസിന് സമീപം വെനെസ്വേലൻ പൗരൻ അറസ്റ്റിൽ



വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് വൈറ്റ് ഹൗസിന് സമീപം വൻ ആയുധശേഖരവുമായി പിടിയിൽ. വെനസ്വേലൻ പൗരനായ റോണി യോർഡ്രിക്സ് ഗ്വാനിപ ക്രിനോസ് ആണ് യുഎസ് സീക്രട്ട് സർവീസിൻ്റെ പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈറ്റ് ഹൗസിന് സമീപത്തെ കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവിൽ പാർക്ക് ചെയ്തിരുന്ന ഒരു നീല ഫോർഡ് എഫ്-150 കാറിനുള്ളിൽ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നാണ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തത്. അയാൾ സുരക്ഷിതനാണോ എന്നും അയാളുടെ കൈവശം എന്തെങ്കിലും ആയുധങ്ങളുണ്ടോ എന്നും ഉദ്യോഗസ്ഥൻ ചോദിച്ചു. ആയുധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇയാൾ തലയാട്ടുകയും ആംഗ്യം കാണിക്കും ചെയ്തു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി ഗൂഗിൾ ട്രാന്‍സ്‌ലേറ്റ് വഴി അന്വേഷകരുമായി സംസാരിക്കുകയായിരുന്നു. വാഷിംഗ്ടണിലെത്തി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ കൊലപ്പെടുത്താൻ ഉൾവിളിയുണ്ടായി എന്നായിരുന്നു ഇയാൾ ഉദ്യോഗസ്ഥനോട് പറഞ്ഞത്.

ഒരു എആർ-15 റൈഫിൾ, ഒരു മാക് 10, ഒരു ഗ്ലോക്ക് 43X എന്നിവയുൾപ്പെടെ മൂന്ന് തോക്കുകളും ഡസൻ കണക്കിന് വെടിയുണ്ടകളും കാറിൽ നിന്ന് കണ്ടെടുത്തു. ഇയാൾ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിക്കപ്പെട്ടതാണെന്നും ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. പിടിയിലായ റോണി യോർഡ്രിക്സ് അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്ന വെനസ്വേലൻ കുടിയേറ്റക്കാരനാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943