21 September, 2026 09:59:19 AM


സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു



ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ മുപ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ സുഡാനിലെ രണ്ടാമത്തെ ഖനിയിലാണ് അപകടം റിപ്പോര്‍ട്ട് ചെയ്യുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. സുഡാനില്‍ ഉടനീളമുള്ള ആയിരത്തോളം ചെറുകിട ഖനികളിലൊന്നിലാണ് വീണ്ടും അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തില്‍ ഖനി അധികൃതരും പ്രതികരിച്ചിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് സുഡാനിലെ ഖനികളില്‍ അപകടങ്ങള്‍ സ്ഥിരം സംഭവമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസവേതനത്തില്‍ നിരവധി യുവാക്കളാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. ഖനനത്തിനായി മതിയായ ഉപകരണങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും കൈകളും ഷവലുകളും പിക്കാസുകളും ഉപയോഗിച്ചാണ് ഇവിടെ ഖനന പ്രവൃത്തികള്‍ നടന്നതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാസവസ്തുക്കളില്‍ നിന്നുള്ള വിഷബാധയും ഇത്തരം അപകടങ്ങളും ഖനികളിലെ തൊഴിലാളികളുടെ ജീവനെടുക്കുന്നത് സ്ഥിരംസംഭവമാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ ഖനിയിലെ തൊഴിലാളികള്‍ ആരോപിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910