09 November, 2026 07:16:54 PM


പാകിസ്ഥാൻ വാർത്താ അവതാരക റാബിയ അഹ്സാൻ വെടിയേറ്റു മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ



റാവൽപിണ്ടി: പാകിസ്ഥാനി ടിവി അവതാരകയും പ്രോഗ്രാം ഹോസ്റ്റുമായ റാബിയ അഹ്സാനെ റാവൽപിണ്ടിയിലെ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
റാവൽപിണ്ടിയിലെ ഗുൽഷനാബാദ് പ്രദേശത്തെ വസതിയിലാണ് '92 ന്യൂസ്' ചാനൽ അവതാരകയായ റാബിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് റാബിയയുടെ ഭർത്താവ് പറഞ്ഞതായി വീട്ടുജോലിക്കാരൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് ഓഫീസർ ഹസൻ മുഷ്താഖ് സുഖേര അറിയിച്ചു. പഞ്ചാബ് ഫോറൻസിക് സയൻസ് ഏജൻസിയിൽ നിന്നുള്ള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കഴുത്തിന് താഴെയും മുതുകിന്റെ വലതുഭാഗത്തുമായി റാബിയയ്ക്ക് വെടിയേറ്റ മുറിവുകളുണ്ട് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് ഓവർസീസ് പാക്കിസ്ഥാനീസ് ഫൗണ്ടേഷനിൽ ഡപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയാണ്. രണ്ട് മക്കളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958