22 October, 2026 09:16:37 AM


കുടമാളൂരിൽ എം.ഡി.എം.എയുമായി ചങ്ങനാശേരി സ്വദേശികളായ മൂന്നു പേർ പിടിയിൽ



കോട്ടയം: കുടമാളൂരിൽ വെസ്റ്റ് പൊലീസിന്റെയും ജില്ലാ പൊലീസ് ലഹരി വിരുദ്ധ സംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ 30 ഗ്രാം എം.ഡി.എം.എയുമായി നിരവധി ക്രിമിനൽക്കേസ് പ്രതികളായ മൂന്നംഗ സംഘം പിടിയിൽ. ചങ്ങനാശേരി സ്വദേശികളായ നിസൽ ആന്റണി, ബിലാൽ, നിയാസ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ വി.എസ് ഗിരീഷിന്റെയും ഡെൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ പിടികൂടിയത്.

പൊലീസ് സംഘത്തെ കാറിടിപ്പിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടികൂടിയത്. ഇവരിൽ നിന്നും 30 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ ഒന്നരയോടെ കോട്ടയം കുടമാളൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരിയിൽ ലഹരിക്കച്ചവടം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ മൂന്നംഗ സംഘം ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തേയ്ക്ക് കടന്നതായി ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിന്റെ ലഹരി വിരുദ്ധ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന്, ദിവസങ്ങളോളമായി പൊലീസ് സംഘം ഈ സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

തുടർന്നാണ്,  പുലർച്ചെ ഈ സംഘം എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷിന്റെയും , വെസ്റ്റ് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം രാത്രികാലത്ത് വാഹന പരിശോധന നടത്തിയത്. ഇതിനിടെയാണ് പ്രതികൾ എം.ഡി.എം.എയുമായി വാഹനത്തിൽ എത്തിയത്. പൊലീസിനെ കണ്ട ക്രിമിനൽ സംഘം വാഹനം അമിത വേഗത്തിൽ ഓടിച്ച്, പൊലീസുകാരെ ഇടിച്ചു വീഴ്ത്തി രക്ഷപെടാൻ ശ്രമിച്ചു.

സാഹസികമായാണ് പ്രതികളെ പിടികൂടിയത്. കേസിലെ പ്രധാന പ്രതിയായ നിസൽ ആന്റണിയ്ക്ക് മുൻപും കൊമേഷ്യൽ ക്വാണ്ടിറ്റിയിൽ എം.ഡി.എം.എ കൈവശം വച്ചതിന് കേസുണ്ട്. മറ്റ് രണ്ടു പ്രതികളും വധശ്രമം അടക്കമുള്ള കേസുകളിൽ മുൻപ് പ്രതിയായിട്ടുള്ളവരാണ്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923