27 November, 2026 06:47:14 PM
കോട്ടയം ജില്ലയിൽ സീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ് ; സാധ്യതാപഠനം നടത്താന്‍ മന്ത്രി മോന്‍സ് ജോസഫിന്റെ നിര്‍ദേശം

കോട്ടയം: ജില്ലയിൽ സീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്കും ഉദ്യോഗസ്ഥർക്കും ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർദേശം നൽകി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി തുടക്കം കുറിച്ച 'നിർമ്മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിനിന്റെ ജില്ലാതല ഏകോപനസമിതി യോഗവും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗവും ജില്ലാ ആസൂത്രണ സമിതി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതു സംബന്ധിച്ചു പലകോണുകളിൽനിന്നും എതിർപ്പുകള്‍ ഉയരുന്നത് ജില്ലയിലെ മാലിന്യസംസ്കരണ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അഭിപ്രായ സമന്വയത്തോടെ ജില്ലയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ മുഴുവൻ ഫണ്ടും അനുവദിക്കാൻ സർക്കാർ തയാറാണ്. ജില്ലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉദ്യോഗസ്ഥതലത്തിൽ ഗൗരവമായ പഠനവും പരിശോധനയും നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകേണ്ടത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
മാലിന്യസംസ്കരണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രിയുടേയും തദ്ദേശ വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പദ്ധതിക്ക് ജില്ലാതലത്തിലും പ്രാദേശികതലത്തിലും മികച്ച സഹകരണം ഉറപ്പാക്കേണ്ടതണ്ടെന്ന് മന്ത്രി പറഞ്ഞു.
ഗ്രാമ-നഗര പ്രദേശങ്ങളെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കുകയാണ് 'നിർമ്മലം പുതുയുഗ ശുചിത്വ കേരളം' പദ്ധതിയുടെ ലക്ഷ്യം. ഹ്രസ്വകാലം, മധ്യകാലം, ദീർഘകാലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി തിരിച്ച് നിലവിലെ തദ്ദേശ സ്വയംഭരണ ഭരണസമിതികളുടെ കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കും. ഇതിനായി ഡിസംബർ 15-നു മുൻപ് നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള കർമപദ്ധതികൾ ക്രോഡീകരിക്കാനും യോഗത്തിൽ തീരുമാനമായി. ലോക ശൗചാലയദിനത്തോടനുബന്ധിച്ചു നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വമിഷൻ പുറത്തിറക്കിയ ലോഗോയുടെ പ്രകാശനകർമവും മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി കരിമ്പന്നൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുനു ജോർജ്, നാട്ടകം സുരേഷ് എം.എൽ.എയുടെ പ്രതിനിധി കെ.കെ. സന്തോഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. പ്രസാദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.




