19 November, 2026 08:15:09 PM


ആഗ്രഹങ്ങളുടെ ചിറകിലേറി പറക്കുമ്പോൾ മാതാപിതാക്കളെ തനിച്ചാക്കരുത്- കോട്ടയം ജില്ലാ കളക്ടര്‍



കോട്ടയം: "ആഗ്രഹങ്ങള്‍ക്കൊത്ത് അതിരുകളില്ലാതെ സഞ്ചരിക്കണം. ലോകത്തില്‍ എവിടെയും ഭാവി ജീവിതം കെട്ടിപ്പടുക്കാം. പക്ഷെ, മാതാപിതാക്കളെയും പിന്നിട്ട വഴികളും മറന്നുപോകരുത്. അവര്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യമുണ്ടാകരുത്". സ്കൂള്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഈ ഓര്‍മ്മപ്പെടുത്തല്‍ പലവട്ടം ആവര്‍ത്തിച്ചു.  

മക്കളുടെ കരുതലില്ലാതെ വിഷമിക്കുന്നവരുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. മക്കള്‍ വലിയ നിലയിലെത്തിയശേഷം മാതാപിതാക്കളെ പരിഗണിക്കുകപോലും ചെയ്യാത്തത് വേദനാജനകമാണ്- കളക്ടര്‍ പറഞ്ഞു.

സ്കൂള്‍ വിദ്യാര്‍ഥികളുമായുള്ള ജില്ലാ കളക്ടറുടെ പ്രതിവാര മുഖാമുഖ പരിപാടിയുടെ ആദ്യ ദിനമായ ഇന്നലെ കോട്ടയം മൗണ്ട് കാര്‍മ്മല്‍ വിദ്യാനികേതനിലെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.  

നൂതനമായ ആശയങ്ങള്‍ വികസിപ്പിക്കാനും അവ നാട്ടില്‍തന്നെ സംരംഭങ്ങളായി വളര്‍ത്താനും വിദ്യാര്‍ഥികള്‍ പരിശ്രമിക്കണം. നാട്ടിലായാലും വിദേശത്തായാലും ഉറ്റവരെയും നാട്ടുകാരെയും  സഹായിക്ക ണം. സഹായമെന്നാല്‍ പണം നല്‍കലല്ല. കുടുംബത്തിലെയും നാട്ടിലെയും പിന്മുറക്കാര്‍ക്ക് വഴികാട്ടികളാകണം.നല്ലൊരു ഭാവി കണ്ടെത്തുന്നതിലും തെറ്റായ പ്രവണതകളില്‍നിന്ന് മാറി നടക്കുന്നതിനുമൊക്കെ അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനാകണം. അതോടൊപ്പം നാടിന്‍റെ വികസനത്തില്‍ പങ്കാളികളാകാനും പരിശ്രമിക്കണം.

ആരോഗ്യകരമായ ഭാവി ജീവിതം ഉറപ്പാക്കുന്നതിന് പഠനത്തിനൊപ്പം വ്യായാമത്തിനും കുട്ടികള്‍ സമയം കണ്ടെത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ പദവിയിലെ അനുഭവങ്ങള്‍ മുതല്‍ ഫിറ്റ്നെസ് ടിപ്പുകള്‍ വരെ ചോദ്യങ്ങളായി ഉയര്‍ന്നു.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എം. അമാനത്ത്, ജില്ലാ ഇന്‍ഫര്‍മേഷൻ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950