19 November, 2026 08:11:32 PM
ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം: എൻ.ഒ.സി നിർബന്ധം

കോട്ടയം: ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്തുവാൻ ജില്ലാ ഭൂജല അതോറിറ്റിയുടെ എൻ.ഒ.സി നിർബന്ധം. 10,000 രൂപയാണ് ഫീസ്. മൂന്നുവർഷമാണ് എൻ.ഒ.സിയുടെ കാലാവധി. മലിനജലം ടാങ്കർ ലോറിയിൽ വിതരണം ചെയ്താൽ രണ്ട് ലക്ഷം രൂപയും രജിസ്ട്രേഷനില്ലാത്ത ടാങ്കർ ലോറിക്ക് 50,000 രൂപയും എൻ.ഒ.സി പ്രകാരമല്ലാത്ത ഭൂജല ഉപയോഗത്തിന് ഒരു ലക്ഷം രൂപയും പിഴയീടാക്കും. ഭൂജല അതോറിറ്റി ചട്ടപ്രകാരമുള്ള നിയമനടപടിയും സ്വീകരിക്കും. ജലഗുണ നിലവാരം ഉറപ്പാക്കി അളവ് നിരീക്ഷിക്കുവാൻ ഡിജിറ്റൽ ഫ്ളോമീറ്റർ ഘടിപ്പിച്ച് ജില്ലാ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയും ഭൂജല ഉപഭോഗത്തിന് ചാർജ് അടയ്ക്കുകയും വേണം. കുടിവെള്ള വിതരണത്തിന്റെ അനുമതി ഉപയോഗിച്ച് വ്യാവസായിക ആവശ്യങ്ങൾക്കും നിർമ്മാണപ്രവർത്തനങ്ങൾക്കും വെള്ളം വിതരണം ചെയ്യുവാൻ പാടില്ല. ഇങ്ങനെ ചെയ്താൽ പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും. കൂടുതൽ വിവരങ്ങൾക്ക് ഭൂജലവകുപ്പ് ജില്ലാ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0481-2560436.




