21 November, 2026 07:51:01 PM


കോട്ടയം ജില്ലയിലെ ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ നടത്തിപ്പ് മികച്ച രീതിയിലെന്ന് ഭക്ഷ്യ കമ്മീഷൻ



കോട്ടയം: കോട്ടയം ജില്ലയില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പ് മികച്ച രീതിയിലാണെന്ന്  സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ  വിലയിരുത്തി. കമ്മീഷന്‍ അംഗം കെ.എന്‍. സുഗതനൊപ്പം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഏറ്റുമാനൂർ, കുറവിലങ്ങാട്, തലയോലപ്പറമ്പ്, വൈക്കം മേഖലകളിലെ അങ്കണവാടികൾ, അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകൾ, എൻ.എഫ്.എസ്.എ. ഗോഡൗണുകൾ എന്നിവടങ്ങളാണ് കമ്മീഷൻ സന്ദർശിച്ചത്.

ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന വകുപ്പുകളുടെ ജില്ലയിലെ പ്രവർത്തനം തൃപ്തികരമാണെന്നും കമ്മീഷൻ പറഞ്ഞു.   ഐ.സി.ഡി.എസ്, സിവിൽ സപ്ലൈസ്, കുടുംബശ്രീ എന്നിവയുടെ പ്രവർത്തനങ്ങളും വിതരണ സംവിധാനവും വിലയിരുത്തി. പദ്ധതി നിര്‍വഹണത്തില്‍ മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ  അഭിനന്ദിച്ചു. എൻ.എഫ്.എസ്.എ. പദ്ധതികളുടെ മേൽനോട്ടവും നിരീക്ഷണവുമാണ് കമ്മീഷന്‍റെ ചുമതല. ആരെയും ശിക്ഷിക്കുകയല്ല, പ്രവർത്തനങ്ങൾ തിരുത്തി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഒപ്പം ചേർത്ത് പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനാണ്  ശ്രമിക്കുന്നത് - ഡോ. ജിനു സക്കറിയ ഉമ്മൻ വ്യക്തമാക്കി.

ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ റേച്ചൽ ഡേവിഡ്, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ റെജീന, താലൂക്ക് സപ്ലൈ ഓഫീസർമാരായ തരുൺ തമ്പി, സുനിത കുമാരി , അനിൽകുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ദിനേശ്, മനോജ്, ലസിത, ഫുഡ് സേഫ്റ്റി ഓഫീസർ ഷെറിൻ സാറാ ജോർജ് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918