23 October, 2026 10:24:42 AM
ഗുജറാത്തിൽ ട്രെയിൻ തട്ടി സിംഹത്തിന് ഗുരുതര പരിക്ക്; വാൽ അറ്റുപോയി

അമ്രേലി: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ട്രെയിൻ തട്ടി സിംഹത്തിന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ദാംനഗറിനും ലിലിയയ്ക്കും ഇടയിലുള്ള ഇംഗോരള ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. ചരക്ക് തീവണ്ടിയിടിച്ചതിനെ തുടർന്ന് സിംഹത്തിന്റെ പിൻഭാഗത്തും വാലിലും ഗുരുതരമായി പരിക്കേൽക്കുകയും വാലിന്റെ ഒരു ഭാഗം അറ്റുപോയ നിലയിൽ റെയിൽവെ ട്രാക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു.
രണ്ട് സിംഹങ്ങൾ ഒരുമിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിപാവാവ് തുറമുഖത്ത് നിന്ന് ധാസയിലേക്ക് മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന ചരക്ക് ട്രെയിനാണ് സിംഹത്തെ ഇടിച്ചത്. അപകടത്തിന് തൊട്ടുപിന്നാലെ റെയിൽവേ അധികൃതർ വനംവകുപ്പിനെ വിവരമറിയിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ തിരച്ചിലിൽ ട്രാക്കിൽ നിന്ന് സിംഹത്തിന്റെ മുറിഞ്ഞുപോയ വാൽ കണ്ടെടുത്തു. പരിക്കേറ്റിട്ടും ജീവൻ രക്ഷിക്കാനായി സിംഹം സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഓടിപ്പോയതായി രക്തക്കറകളും കാൽപ്പാടുകളും പിന്തുടർന്ന് നടത്തിയ പരിശോധനയിൽ വ്യക്തമായി. പരിക്കേറ്റ സിംഹത്തെ കണ്ടെത്തി അടിയന്തര വെറ്ററിനറി ചികിത്സ ലഭ്യമാക്കുന്നതിനായി വനംവകുപ്പിന്റെ പ്രത്യേക സംഘം പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പ്രദേശവാസികളായ ഗ്രാമീണർക്കും കർഷകർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.





