13 October, 2026 12:00:04 PM


നെടുമ്പാശേരി വാഹനാപകടം: പ്രതി സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്



എറണാകുളം: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍, മദ്യപിച്ച് കാറോടിച്ച സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. പ്രതിയെ എക്‌സൈസ് ചോദ്യം ചെയ്യും. മദ്യം വാങ്ങാനുള്ള പ്രായം 23 ആയിരിക്കെ, പത്തൊമ്പതുകാരനായ സുഹൈല്‍ മദ്യം ഉപയോഗിച്ചതാണ് കേസെടുക്കാന്‍ കാരണം. സുഹൈലിന് മദ്യം നല്‍കിയ മൂന്ന് ബാറുകള്‍ക്കെതിരെ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടികൾക്കായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉടൻ തന്നെ എക്‌സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും. 

150 കിലോമീറ്റലധികം വേഗത്തിലാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് പ്രതി സുഹൈലിന്റെ മൊഴി. അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഹൈലിനെയും സുഹൃത്ത് നിനവിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്ന നിനവിന്റെ സുഹൃത്തുക്കള്‍ ആലപ്പുഴ സ്വദേശികളായ അമീറിനെയും ജോയലിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതിന് പ്രേരണ നല്‍കിയതാണ് ബാക്കി മൂന്നുപേര്‍ക്കും എതിരെയുള്ള കുറ്റം. അപകട ശേഷം അമീറും ജോയലും മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു. അമീര്‍ ഒഴികെ ബാക്കി മൂന്നുപേരും മദ്യപിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937