08 October, 2026 09:54:22 AM


സുഗതന്റെ പേരിൽ വ്യാജ ഒപ്പ്; മേയർ വി വി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്



തിരുവനന്തപുരം: കോ‍ർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. മേയർ വി വി രാജേഷ്, ആ‍ർ സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾക്കെതിരെ ഗുരുതര പരാമർശങ്ങളാണ് എഫ്ഐആറിൽ ഉള്ളത്.

കോർപ്പറേഷൻ ഭരണം നിലനിർത്താൻ സുഗതന്റെ വ്യാജ ഒപ്പിട്ടു. മേയറും സുഗതനും കോർപ്പറേഷൻ സെക്രട്ടറിയും ചേർന്ന് ഗൂഢാലോചന നടത്തി. പ്രതികൾ വ്യാജരേഖ ചമച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്കായിരുന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് വ്യാജ ഒപ്പ് പരാതിയിൽ കേസെടുത്തിരിക്കുന്നത്. മൂന്ന് യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരുന്നത്.

ഫെബ്രുവരി 26, മാര്‍ച്ച് 3, ഏപ്രില്‍ 27 തീയതികളിലെ കൗണ്‍സില്‍ യോഗത്തില്‍ വ്യാജ ഒപ്പിട്ടെന്നാണ് പരാതിയിലുള്ളത്. ഇത് വ്യക്തമാക്കുന്ന രജിസ്റ്റര്‍ തെളിവുകളും സിപിഐഎം പുറത്തുവിട്ടിരുന്നു. ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്നും എല്‍ഡിഎഫ് അറിയിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനും പരാതി നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926