26 October, 2026 09:17:44 PM


'സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല'; തല മുണ്ഡനം ചെയ്ത് എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം



തിരുവനന്തപുരം: എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 113-ാം ദിവസത്തിലേക്ക് കടന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ച് സമരസമിതി നേതാവ് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

നിയമനം നൽകുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് പറഞ്ഞ് സർക്കാർ ഒഴിയുകയാണെന്ന് വളർമതി ആരോപിച്ചു. മുൻപ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളിൽ ശക്തമായി ശബ്ദമുയർത്തിയ ഇന്നത്തെ മുഖ്യമന്ത്രി, പദവിയിലെത്തിയപ്പോൾ തങ്ങളെ പൂർണ്ണമായും അവഗണിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

പ്രശ്നപരിഹാരത്തിന് 45 ദിവസം സാവകാശം ചോദിച്ചത് സമരം ഒതുക്കി തീർക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ തന്ത്രമാണെന്നും അവർ ആരോപിച്ചു. കഷ്ടപ്പെട്ട് പഠിച്ച് നേടിയെടുത്ത യോഗ്യത ഉപയോഗിച്ച് ജോലി ലഭിച്ചേ തീരൂ എന്ന നിലപാടിൽ ഉദ്യോഗാർത്ഥികൾ ഉറച്ചുനിൽക്കുകയാണ്.

കുറേ ദിവസം ഓരോന്നും പറഞ്ഞിരിപ്പിക്കാനുള്ളതായിരുന്നു അവരുടെ അജണ്ട. മുഖ്യമന്ത്രിയെ ഇതുവരെ കാണാൻ സാധിച്ചില്ല. വിദ്യാഭ്യാസ മന്ത്രി സമരം പൊളിക്കാനാണ് സമയം ചോദിച്ചത്. മുഖ്യമന്ത്രിക്കും കോഴ ലഭിക്കുന്നുണ്ടാകാം. അതുകൊണ്ടായിരിക്കും അനുഭാവ തീരുമാനം എടുക്കാത്തത്. മുഖ്യമന്ത്രിയെ വീണ്ടും കാണാൻ ശ്രമിക്കും. പഠിച്ച് നേടിയതാണ്. മറ്റൊന്നിനും കഴിവില്ല. ഞങ്ങൾക്ക് ജോലി ലഭിച്ചേതീരുവെന്ന് വളർമതി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933