28 October, 2026 09:55:14 AM


ചേരാനല്ലൂർ അപകടം; ജഡ്ജിയുടെ വീട്ടില്‍ 7 മണിക്കൂർ പരിശോധന, ആഡംബര ബൈക്ക് പിടിച്ചെടുത്തു



കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ വാഹന ഉടമയായ ജഡ്ജിയുടെ വീട്ടില്‍ ഏഴ് മണിക്കൂര്‍ നീണ്ട പരിശോധനയുമായി ക്രൈംബ്രാഞ്ചും പൊലീസും. ആഡംബര ബൈക്കും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. ബൈക്ക് ഉപയോഗിച്ചിരുന്നത് പതിനേഴുകാരനായ മകനാണെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ രജിസ്‌ട്രേഷനിലും പൊലീസിന് സംശയമുണ്ട്. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ രേഖകളും കസ്റ്റഡിലെടുത്തിട്ടുണ്ട്. അപകട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

അതേസമയം അപകടസമയം വാഹനം ഓടിച്ചിരുന്ന 17കാരന്റെ ജാമ്യം റദ്ദാക്കാനുള്ള പൊലീസിന്റെ അപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും. പൊലീസുമായി കഴിഞ്ഞ ദിവസം കുടുംബം ചര്‍ച്ച നടത്തിയിരുന്നു. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടത് ഹൈക്കോടതി ആണെന്ന് പൊലീസ് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. നിലവിലെ പൊലീസ് നടപടിയില്‍ തൃപ്തരാണെന്ന് ജയബാലകൃഷ്ണന്റെ കുടുംബം പ്രതികരിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K