31 October, 2026 12:39:10 PM
ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും- രമേശ് ചെന്നിത്തല

കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന് ഓടിച്ച ബെൻസ് കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിതല. കേസിൽ കുടുംബം ആവശ്യപ്പെടുന്ന വക്കീലിനെ പ്രോസിക്യൂട്ടറായി നിയമിക്കുമെന്നും സർക്കാർ പൂർണമായും കുടുംബത്തിനൊപ്പമാണെന്നും ആഭ്യന്തരമന്ത്രി ജയ ബാലകൃഷ്ണൻ്റെ മകൾ ഭദ്രയ്ക്ക് ഉറപ്പു നൽകി. അതേസമയം അപ്പീലിലെ പ്രോസിക്യൂഷൻ പിഴവ്, ഗുരുതരമല്ലന്നും, തെറ്റ് തിരുത്തി നൽകിയിട്ടുണ്ടന്നും ചെന്നിത്തല വ്യക്തമാക്കി.
'നിലവില്‍ കേസ് അന്വേഷണത്തില്‍ കുടുംബം സംതൃപ്തരാണ്. ബാക്കിയെല്ലാം കോടതിയുടെ മുന്നില്‍ നില്ക്കുന്ന നടപടികളാണ്. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ഉണ്ടാവും. വീഴ്ച ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കേസില്‍ കുട്ടിക്ക് ജാമ്യം നല്‍കിയതിനെതിരെ ജില്ലാ കോടതിയില്‍ പോയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയില്‍ തന്നെ മുന്നോട്ടുപോകും. ഇന്നലെ മുഖ്യമന്ത്രി ഇവിടെ വന്നിരുന്നു. ഇന്ന് ഞാന്‍ എത്തി. സര്‍ക്കാര്‍ പൂര്‍ണമായി ഈ കുടുംബത്തോടൊപ്പമാണ്.
പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അവിടെ പണക്കാരന് എന്നോ പാവപ്പെട്ടവന് എന്നോ വ്യത്യാസമില്ലാതെ എല്ലാവര്ക്കും നീതി ഉറപ്പുവരുത്തും. ഇവര്‍ പാവപ്പെട്ട കുടുംബമാണ്. മറ്റെയാള്‍ ജഡ്ജിയാണ്. ഇവര്‍ക്ക് സ്വാഭാവികമായി പ്രയാസമുണ്ടാകും. സംശയങ്ങള്‍ ഉണ്ടാവും. കുടുംബത്തിന് 100 ശതമാനവും നീതി ഉറപ്പുവരുത്താന്‍ നിലനില്ക്കും. നീതിയും നിയമവും എല്ലാവര്ക്കും ഒരേപോലെയാണ്. ജഡ്ജിയാണെങ്കിലും സാധാരണക്കാരന് ആണെങ്കിലും ഒരേപോലെയാണ്. അത് നിറവേറ്റാന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ മുന്നോട്ടുവരും'- രമേശ് ചെന്നിത്തല പറഞ്ഞു.
'മോട്ടോര്‍ ആക്സിഡന്റുകള് ഉണ്ടാവുമ്പോള്‍ നിയമം കാര്യക്ഷമമല്ല എന്ന പരാതി വരുന്നുണ്ട്. ഗൗരവമായി പരിശോധിക്കാം. കേരളത്തില്‍ ഏറ്റവും വലിയ അപകടം ഉണ്ടാവുന്നത് മദ്യപിച്ച് വാഹനം ഓടിക്കുമ്പോഴാണ്. അത് അനുവദിച്ച് കൊടുക്കില്ല. ജനങ്ങള്‍ സഹകരിക്കണം. അല്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനം ഓടിച്ച് നിരപരാധികളായ ആളുകളുടെ ജീവന് നഷ്ടപ്പെടുന്നത് കേരളത്തില്‍ വ്യാപകമാണ്. അതിനെതിരായ നടപടി സര്‍ക്കാര്‍ ശക്തമായി സ്വീകരിക്കും. അതുകൊണ്ട് ആരും പരാതി പറയരുത്. എന്നെ ഊതിച്ചു ഊതിച്ചില്ല എന്നൊന്നും. പൊലീസിന്റെ കടമയാണ് ചെയ്യുന്നത്'- രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്നാണ് ജയബാലകൃഷ്ണൻ്റെ മകൾ ഭദ്ര പ്രതികരിച്ചത്. ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ നേരത്തെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് ചെന്നിതല മുന്നറിയിപ്പ് നൽകി. 'മദ്യവും ലഹരിയും ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കർശന നടപടിയുണ്ടാവും. ആരും പരാതി പറയരുത്, എല്ലാവരും പൊലീസുമായി സഹകരിക്കണം', ആഭ്യന്തരമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. അഡീഷണൽ ജഡ്ജിയുടെ മകൻ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകിയാണ് 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തിയത്.





