31 October, 2026 01:46:06 PM
കൊച്ചിയിലെ ഹോട്ടലില്‍ ചട്ടവിരുദ്ധമായി ഡിജെ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പി, കേസ്

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി നടന്ന ഡിജെ പാര്‍ട്ടിക്കെതിരെ പൊലീസ് നടപടി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കൊച്ചി കടവന്ത്രയിലെ റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെയാണ് നടപടി. സംഭവത്തില്‍ റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെ കേസ് എടുത്തു. പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വിളമ്പിയതായും പരിശോധനയില്‍ കണ്ടെത്തി. ആര്‍ നിശാന്തിനി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റ ഉടനെയാണ് പരിശോധന നടന്നത്.
ഹോട്ടലുകളിലെ പബ്ബുകള്‍ക്ക് രാത്രി 11 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, ഈ നിയമം ലംഘിച്ച് പുലര്‍ച്ചെ വരെ പാര്‍ട്ടി നീണ്ടുനിന്നതായി പൊലീസ് പറഞ്ഞു. ആളുകളെ ആകര്‍ഷിക്കുന്നതിനായി മദ്യം വിളമ്പുന്നതിനെക്കുറിച്ച് പരസ്യം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
വേഷം മാറിയായിരുന്നു പൊലീസിന്റെ പരിശോധന. നാര്‍ക്കോട്ടിക് എസിപി അനന്തലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗവും, ഇതിനെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചതോടെയാണ് കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പലയിടത്തും ചട്ടം ലംഘിച്ച് ഡിജെ പാര്‍ട്ടികള്‍ രഹസ്യമായി നടന്നക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയില്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുളളവ ഒന്നും കണ്ടെത്തിയിട്ടില്ല.





