11 October, 2026 01:31:28 PM
'കള്ളന്മാരുടെ വീട്' എന്ന സിനിമയുടെ സംവിധായകന്‍ മോഷണക്കേസിൽ അറസ്റ്റിൽ

പാലക്കാട്: ട്രെയിനില്‍ മോഷണം നടത്തിപ്പോരുകയായിരുന്ന സിനിമാ സംവിധായകന്‍ പിടിയില്‍. 'കള്ളന്മാരുടെ വീട്' എന്ന സിനിമയുടെ സംവിധായകന്‍ പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന്‍ (46) ആണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന്‌റെ പിടിയിലായത്. ട്രെയിനുകളില്‍ യാത്രികരുടെ ശ്രദ്ധതിരിച്ച് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.
മണ്ണാര്‍ക്കാട് പൊറ്റശ്ശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയോളം വിലവരുന്ന പുതിയ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍ വെച്ച് മോഷ്ടിച്ച കേസില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംവിധാനം ചെയ്ത ചിത്രത്തില്‍ നിന്നും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ലഭിക്കാതെ വന്നതോടെയാണ് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പൊലീസ് പിടിയിലാകാതിരിക്കാന്‍ താടി ഷേവ് ചെയ്ത് രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു പ്രതി.
മോഷണമുതല്‍ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് സ്വന്തമായി കഫെറ്റീരിയ തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവര്‍ച്ചകളിലെയും തൊണ്ടി മുതലുകളായ അഞ്ചോളം ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണും പ്രതിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.





