09 October, 2026 09:46:28 AM
കൊല്ലത്ത് രാത്രി ചായ കുടിക്കാനെത്തിയ അഭിഭാഷകനും സുഹൃത്തിനും പൊലീസിന്റെ മർദനം

കൊല്ലം: കൊല്ലത്ത് അഭിഭാഷകനും സുഹൃത്തിനും പൊലീസിന്റെ ക്രൂരമർദ്ദനം. കണ്ണനല്ലൂർ സ്വദേശി അഡ്വ. ഗുൽസറിനെയും സുഹൃത്തിനെയും ഇരവിപുരം പൊലീസ് മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ സിപിഒ അൽ സഫീറിനെതിരെയാണ് ബാർ അസോസിയേഷൻ പരാതി നൽകിയത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ചായ കുടിക്കാന്‍ നിൽക്കവെയാണ് അഭിഭാഷകന് മർദ്ദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വടിയെടുത്ത് തല്ലുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
സ്റ്റേഷനിലെ സിപിഒ അല്‍സഫീറിന് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറും. കമ്മിഷണർ എം. ഹേമലത ഇരവിപുരം സർക്കിൾ ഇൻസ്‌പെക്ടറോട് വിശദീകരണം തേടിയിരുന്നു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അൽസഫീറിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ഗുൽസാറും, സുഹൃത്ത് ഫൈസലും ഡിജിപിക്ക് ഉൾപ്പെടെ പരാതി നല്‍കിയിരുന്നു. അകാരണമായാണ് തങ്ങളോട് പൊലീസ് മർദനം നടത്തിയതെന്ന് ഗുൽസർ ആരോപിച്ചു. അഭിഭാഷകനും സുഹൃത്തും പ്രകോപനപരമായി പെരുമാറിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. സിപിഒയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.





