16 November, 2026 03:13:40 PM
'ബാറില്‍ പാട്ടും നൃത്തവും പാടില്ലെന്ന് പറയാനാകുമോ?' ഡിജെ നിയന്ത്രണത്തിൽ ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് നടപടിയിൽ വിമർശനവുമായി ഹൈക്കോടതി. ബാറുകളില്‍ നൃത്തം ചെയ്യാനോ പാട്ട് കേള്‍ക്കാനോ പാടില്ലായെന്ന് പറയാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. ഡിജെ പാര്‍ട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും ഡിജെ പാര്‍ട്ടികളെന്നാല്‍ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുന്‍വിധി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
രാത്രി ജീവിതം തന്നെ നിരോധിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ഹോട്ടലില്‍ മദ്യവില്‍പ്പനയ്ക്ക് എതിര്‍പ്പില്ല. ഡിജെ പാര്‍ട്ടിക്ക് മാത്രം നിയന്ത്രണമാണോ? ഡിജെ സംഗീതം ഒരു തൊഴിലാണ്. പൊതുവല്‍ക്കരിക്കരുത് എന്നും കോടതി പറഞ്ഞു. മയക്കുമരുന്നിനോട് വിട്ടുവീഴ്ചയില്ല. നിയമലംഘനം ഉണ്ടെങ്കില്‍ നടപടിയെടുക്കണം. ഡിജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസിനെ വിന്യസിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
നിയന്ത്രണങ്ങള്‍ക്ക് നിയമപരമായ അടിസ്ഥാനം വ്യക്തമാക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ഡി ജെ പാര്‍ട്ടികള്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തിയ കൊച്ചി സിറ്റി പൊലീസിന്റെ നോട്ടീസുകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ വിശദവാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.





