17 November, 2026 01:19:17 PM
കാലടി സർവകലാശാലയുടെ വാദം ഹൈക്കോടതി തള്ളി; വിദ്യാർഥികളുടെ ഹർജി സ്വീകരിച്ചു

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വലാശാലയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഭേദഗതി ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പരിഷ്‌ക്കരിച്ച ഹര്‍ജി സ്വീകരിക്കരുതെന്ന സര്‍വകലാശാലയുടെ വാദം തള്ളിയ കോടതി, ഹര്‍ജിയില്‍ നാളെ ഉച്ചയ്ക്ക് വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തുറന്ന മനസ്സോട് വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി, സര്‍വകലാശാലയുടെ എതിര്‍പ്പുകള്‍ തള്ളുകയായിരുന്നു.
സസ്‌പെന്‍ഷനിലേക്ക് നയിച്ച അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതാന്‍ അനുവദിക്കണമെന്നുമാണ് 16 വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്‌പെന്‍ഷന്‍ എന്നും ഭേദഗതി ഹര്‍ജിയിലെ ആവശ്യങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് സര്‍വകാലാശാല വാദിച്ചത്. കൂടാതെ നാല് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായും സര്‍വകലാശാല കോടതിയെ അറിയിച്ചിരുന്നു.
ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെത്തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരവും ക്യാമ്പസില്‍ തുടരുകയാണ്. ഹൈക്കോടതി വിധി അനുകൂലമായാല്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് നേരത്തെ സുപ്രീം കോടതിയില്‍ സര്‍വകലാശാല ഉറപ്പ് നല്‍കിയിരുന്നു.





